07:12pm 13 September 2026
NEWS
ശബരിമല സ്വർണക്കൊള്ള തെളിവില്ലാതെ അവസാനിപ്പിക്കുമോ? അന്വേഷണഗതിയിൽ പൊതുസമൂഹത്തിന് ആശങ്ക
28/02/2026  12:28 PM IST
ചവറ സുരേന്ദ്രൻപിള്ള
ശബരിമല സ്വർണക്കൊള്ള തെളിവില്ലാതെ അവസാനിപ്പിക്കുമോ? അന്വേഷണഗതിയിൽ പൊതുസമൂഹത്തിന് ആശങ്ക

ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾക്കെതിരെ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കഴിയാഞ്ഞതുകൊണ്ട് പ്രതികൾ ഓരോരുത്തരായി സ്വാഭാവിക ജാമ്യം നേടി ജയിലിനു പുറത്തു വന്നു തുടങ്ങി. ഏറ്റവും അവസാനം ജാമ്യം നേടി പുറത്തുവന്നത് ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്. ദ്വാരപാലകക്കേസ്, കട്ടിളപ്പാളിക്കേസ് എന്നിവയിൽ പ്രതിയായ തന്ത്രിയുടെ ജാമ്യത്തിൽ വാദം നേരത്തേ പൂർത്തിയായിരുന്നു. തന്ത്രിയുടെ അനുജ്ഞയാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നായിരുന്നു എസ്.ഐ.ടി (സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം) വാദിച്ചിരുന്നത്. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷനു സാധിക്കാതെ വന്നതോടെയാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ടു പങ്കുണ്ടെന്നു സ്ഥാപിക്കുന്ന തെളിവിന്റെ ഒരു കണിക പോലും ഹാജരാക്കാൻ എസ്.ഐ.ടിക്കു കഴിഞ്ഞിട്ടില്ലെന്നു വിചാരണക്കോടതി ചൂണ്ടികാട്ടി. ക്ഷേത്രത്തിലെ ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ഉത്തരവാദിത്തമെന്നും ഭരണപരമായ ഉത്തരവാദിത്തമുള്ള ദേവസ്വം ബോർഡു തീരുമാനങ്ങളെ മറികടക്കാൻ അദ്ദേഹത്തിനു കഴിയില്ലെന്നും ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ കൊല്ലം വിജിലൻസ് കോടതി ചൂണ്ടിക്കാട്ടി എസ്.ഐ.ടി ഉയർത്തിയ വാദങ്ങളെല്ലാം കോടതി തള്ളി. അറസ്റ്റിലായ മറ്റ് പ്രതികൾക്കെല്ലാം കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് 90 ദിവസങ്ങൾക്കു ശേഷമാണ് സ്വാഭാവിക ജാമ്യം ലഭിച്ചതെങ്കിൽ തന്ത്രിക്ക് അറസ്റ്റിലായി 41-ാം ദിവസമാണ് തെളിവുകളൊന്നും ഇല്ലെന്നു ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിച്ചത്.    
                        
ശബരിമലയിലെ ക്ഷേത്രപാളികൾ സ്വർണം പൂശാനെന്ന പേരിൽ ഇളക്കിയെടുത്തതുമായി ബന്ധപ്പെട്ട 2019 മേയ് 18, ജൂലൈ 20 എന്നീ തീയതികളിലെ നിർണായ മഹസറുകളിൽ തന്ത്രി ഒപ്പുവച്ചിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തിൽ എസ് ഐ ടി ആരോപിക്കുന്ന ക്രിമിനൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ല. ഗൂഢാലോചന നടന്നിരുന്നെങ്കിൽ തന്ത്രി തീർച്ചയായും ഈ രണ്ടു മഹസറുകളിലും ഒപ്പുവയ്ക്കുമായിരുന്നു. മറ്റ് കുറ്റകരമായ സാഹചര്യങ്ങൾ ഇല്ലാത്തതിനാൽ ആദ്യ മഹസറിൽ ഒപ്പുവച്ചു എന്നതുകൊണ്ടു മാത്രം ഈ ഘട്ടത്തിൽ അദ്ദേഹത്തെ പ്രതി ചേർക്കാനുമാവില്ല. ദേവസ്വം ബോർഡിന്റെ തീരുമാനപ്രകാരമാണ് ആ മഹസർ തയ്യാറാക്കിയത്. ബോർഡിന്റെ ഔദ്യോഗിക തീരുമാനങ്ങളെ ചോദ്യം ചെയ്യാനോ അതിനു മുകളിൽ ഒരു വിധി പറയാനോ തന്ത്രിക്കു കഴിയില്ലെന്ന വാദം കോടതി ശരിവച്ചു. ദ്വാരപാലക ശില്പങ്ങളിലെയും വാതിൽ കട്ടിളകളിലെയും പാളികൾ ക്ഷേത്രത്തിലെ പൂജകൾക്കോ മറ്റു മതപരമായ ചടങ്ങുകൾക്കോ നേരിട്ടുപയോഗിക്കുന്നവയല്ല. ദേവസ്വം ചട്ടപ്രകാരം ബോർഡ് ആവശ്യപ്പെടുമ്പോൾ അഭിപ്രായം പറയാൻ മാത്രമേ തന്ത്രിക്കു ബാധ്യതയുള്ളു. അദ്ദേഹത്തിന്റെ ചുമതലകൾ പൂജകളിലും ചടങ്ങുകളിലും മതപരമായ ആചാരങ്ങളിലും ഒതുങ്ങുന്നു. തിരുവാഭരണങ്ങളുടെ അറ്റകുറ്റപ്പണികളിലോ പരിപാലനത്തിലോ ഒരു പങ്കുമില്ലെന്നും ഇതിനായി ദേവസ്വം ചട്ടങ്ങൾ പ്രകാരം പ്രത്യേക ഉദ്യോഗസ്ഥരുണ്ടെന്നും വിജിലൻസ് കോടതിയുടെ വിധിയിൽ പറയുന്നു.  
                                                                   
2018 ൽ ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനത്തിനുള്ള ശ്രമവും ക്ഷേത്രം എല്ലാ ദിവസവും തുറക്കാനുള്ള നീക്കവും തന്ത്രിയെന്ന നിലയിൽ തടഞ്ഞതിലുള്ള പ്രതികാരമായാണ് ശബരിമല സ്വർണക്കൊളളക്കേസിൽ വ്യാജ ആരോപണമുന്നയിച്ച് തന്നെ അറസ്റ്റ് ചെയ്തതെന്ന് കണ്ഠരര് രാജീവര് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയുടെ ഭാഗമായ സത്യവാങ്മൂലത്തിൽ പറഞ്ഞു.ആചാരങ്ങളിൽ മാറ്റം വരുത്താൻ ശ്രമിച്ചാൽ പൂജകൾ നിറുത്തി വച്ച് ക്ഷേത്രത്തിൽ നിന്നിറങ്ങിപ്പോകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഭരണകക്ഷിയുടെ താൽപര്യപ്രകാരം ഏതാനും മുതിർന്ന പോലീസുദ്യോഗസ്ഥർ നടത്തിയ യുവതീപ്രവേശശ്രമം പരാജയപ്പെട്ടത് താനെടുത്ത ശക്തമായ നിലപാടു മൂലമായിരുന്നു എന്ന് തന്ത്രി ചൂണ്ടികാട്ടി. 

അയ്യപ്പ വിഗ്രഹത്തിന്റെ നിത്യ ബ്രഹ്മചാരി സങ്കല്പം ചൂണ്ടികാട്ടി എല്ലാ ദിവസവും ക്ഷേത്രം തുറക്കാനുള്ള നീക്കത്തെയും തന്ത്രി എതിർത്തു. ഇതിന്റെയെല്ലാം പ്രതികാരമായാണ് തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്‌തെന്ന് തന്ത്രി ആരോപിച്ചു. അറസ്റ്റ് ചെയ്ത ശേഷം പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലും വീട്ടിൽ നടത്തിയ പരിശോധനയും പൊതു സമൂഹത്തെയും മാധ്യമങ്ങളെയും കബളിപ്പിക്കാനുള്ള പ്രഹസനമായിരുന്നെന്നും തന്ത്രിയുടെ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലുമില്ലെന്ന വിജിലൻസ് കോടതിയുടെ അഭിപ്രായവും തന്നെ സർക്കാർ കുടുക്കിയതാ ണെന്നുള്ള തന്ത്രിയുടെ വാദവും പുതിയൊരു വിവാദത്തിനു വഴി തുറന്നിരിക്കുകയാണ്.          
                                 
സ്വർണ ക്കൊള്ളക്കേസിൽ തന്ത്രിക്ക് ജാമ്യം അനുവദിച്ച വിജിലൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ എസ് ഐ ടി നിയമോപദേശം തേടുകയാണ്. തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിൽ പെടുമെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവും ഉയരുകയാണ്.     
                                                      
ശബരിമല സ്വർണക്കൊള്ള കേസിലെ ആറ് പ്രതികളാണ് ഇതിനോടകം സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഫെബ്രുവരി അഞ്ചിനു ജാമ്യം നേടി പുറത്തിറങ്ങി. കട്ടിളപ്പാളി, ദ്വാരപാലകശില്പങ്ങളിലെ സ്വർണം കവർന്നതുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും പോറ്റിക്കു ജാമ്യം ലഭിച്ചു. കേസിൽ ജാമ്യം ലഭിക്കുന്ന നാലാമത്തെ ആളാണ് ഉണ്ണികൃഷ്ണൻ പോറ്റി. ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക് സിക്യൂട്ടിവ് ഓഫീസറന്മാരായ എസ്. ശ്രീകുമാർ, ഡി.സുധീഷ്‌കുമാർ എന്നിവർ പോറ്റിയെക്കാൾ മുന്നേ ജാമ്യം നേടി പുറത്തുവന്നിരുന്നു. ഫെബ്രുവരി 11 നു 90 ദിവസം റിമാൻഡ് പൂർത്തിയാക്കിയ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായിരുന്ന മൂന്നാം പ്രതി എൻ. വാസുവിനും തന്ത്രി കണ്ഠരര് രാജീവർക്കുമാണ് ഏറ്റവും ഒടുവിൽ ജാമ്യം ലഭിച്ചിരിക്കുന്നത്. നവംബർ 20 ന് അറസ്റ്റ് ചെയ്യപ്പെട്ട ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ എം എൽ എ യുമായ എട്ടാം പ്രതി എ.പത്മകുമാറിന് കട്ടിളപ്പാളി കേസിൽ ഫെബ്രുവരി 20 നു ജാമ്യം ലഭിച്ചെങ്കിലും ദ്വാരപാലക ശില്പങ്ങളിലെ സ്വർണം കടത്തിയ കേസിൽ റിമാൻഡിൽ തുടരുകയാണ്. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്.ജയശ്രീ സുപ്രീം കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയിരിക്കുകയാണ്. 2019 ൽ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലിരിക്കെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ സ്വർണം പൂശിയ കട്ടിളപ്പാളി നീക്കം ചെയ്തത്. ബോർഡിന്റെ അനുമതിയോടെയായിരുന്നു ഇതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് പത്മകുമാറിനെ നവംബർ 21 ന് അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളിക്കേസിലും ദ്വാരപാലക ശില്പക്കേസിലും പത്മകുമാർ പ്രതിയാണ്.      
                                                          
നവംബർ ആറിന് അറസ്റ്റ് ചെയ്യപ്പെട്ട തിരുവാഭരണം മുൻ കമ്മിഷണർ കെ.എസ്.ബൈജു , നവംബർ 21 ന് അറസ്റ്റ് ചെയ്യപ്പെട്ട ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, സ്മാർട്ട് ക്രിയേഷൻസ് സി ഇ പങ്കജ് ഭണ്ഡാരി, ബല്ലാരിയിലെ ജൂവലറി ഉടമ ആർ.പി.ഗോവർധൻ, ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ വിജയകുമാർ, കെ.പി.ശങ്കരദാസ് എന്നിവരാണ് ഇനിയും അഴിക്കുള്ളിൽ കഴിയുന്ന പ്രതികൾ. ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്തിമ റിപ്പോർട്ട് മാർച്ച് 31 നകം നൽകാനാകുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വർണപ്പാളികളിൽ നിന്നു ശേഖരിച്ച പുതിയ സാംപിളുകളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിലാണ് നടക്കുന്നത്. ദ്വാരപാലക ശില്പങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിന്നും 30 സാംപിളുകളും കട്ടിളപ്പാളികളിൽ നിന്നും 6 സാംപിളുകളുമാണ് ശേഖരിച്ചത്.     
                   
ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം തുടങ്ങി അഞ്ചു മാസത്തോളമായിട്ടും പ്രാഥമിക കുറ്റപത്രം പോലും സമർപ്പിക്കാൻ എസ് ഐ ടി ക്കു കഴിഞ്ഞിട്ടില്ല. പ്രതികൾ ഓരോരുത്തരായി ജയിൽ മോചിതരാകുമ്പോൾ അന്വേഷണഗതിയിൽ പൊതു സമൂഹത്തിന് ആശങ്ക ഏറുകയാണ്.                      

(ശബരിമല ശ്രീഅയ്യപ്പ ധർമപരിഷത്ത് ദേശീയ കോ-ഓർഡിനേറ്ററാണ് ലേഖകൻ -)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img